ആലപ്പുഴ: ഹൗസ്ബോട്ടിൽനിന്ന് കായലിൽ വീണ യുവതി മരിച്ചു. നഗരത്തിലെ സ്പാ ജീവനക്കാരിയും തമിഴനാട് വെള്ളൂർ സ്വദേശിനിയുമായ ശരണ്യ രാധാകൃഷ്ണനാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നുള്ള അഞ്ചു യുവാക്കൾക്കൊപ്പമാണ് ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയിൽ ഹൗസ്ബോട്ട് സഞ്ചാരത്തിനായി എത്തിയത്.
പുന്നമടയിലെ ഒരു സ്പായിലെ ജീവനക്കാരികളാണ് യുവതികൾ. സ്പായിലെത്തിയ യുവാക്കൾക്കൊപ്പം ഹൗസ്ബോട്ടിൽ സഞ്ചരിക്കാനെത്തിയതായിരുന്നു ഇരുവരും.
രാത്രിയിൽ എല്ലാവരും ചേർന്ന് മദ്യപിച്ചിരുന്നതായാണ് വിവരമെന്ന് പോലീസ് പറയുന്നു. കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്ബോട്ടിൽനിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്കു വീഴുകയായിരുന്നു. ഇത് കണ്ട മൂന്ന് ഹൗസ്ബോട്ട് ജീവനക്കാർ കായലിലേക്ക് എടുത്തുചാടിയെങ്കിലും രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് നോർത്ത് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുതൽ വീണ്ടും നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.